അവധി കഴിഞ്ഞ് ഒരാഴ്ച മുമ്പ് നാട്ടിൽനിന്ന് എത്തിയ പ്രവാസി മലയാളി മരിച്ചു

Jotsna Rajan

Calicut

Last updated on Dec 19, 2022

Posted on Dec 19, 2022

റിയാദ്: കുടുംബത്തോടൊപ്പം നാട്ടിൽ പോയി അവധിയാഘോഷിച്ച് ഒരാഴ്ച മുമ്പ് തിരിച്ചെത്തിയ മലയാളി സൗദിയിൽ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം കോട്ടക്കൽ സ്വദേശി കുനിക്കകത്ത് വീട്ടിൽ മുസ്തഫ (53) ആണ് പടിഞ്ഞാറൻ പ്രവിശ്യയിലെ യാമ്പുവിൽ ഞായറാഴ്ച്ച വൈകുന്നേരം മരിച്ചത്.
കാൽനൂറ്റാണ്ടായി പ്രവാസിയായ മുസ്തഫ പെയിന്റ് നിർമാണ കമ്പനിയിൽ ക്വാളിറ്റി കൺട്രോളറായിരുന്നു. വിസിറ്റ് വിസയിലെത്തിയ കുടുംബത്തോടൊപ്പമാണ് നാട്ടിൽ പോയത്. അതിന് ശേഷം ഒരാഴ്ച മുമ്പായിരുന്നു തിരിച്ചെത്തിയത്. ഞായറാഴ്ച രാവിലെ ശാരീരിക അസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. വൈകുന്നേരം റൂമിൽ വെച്ച് മരണം സംഭവിക്കുകയായിരുന്നു.
പരേതരായ കുനിക്കകത്ത് കുഞ്ഞിമൊയ്തീൻ - ബീയുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: സാബിറ, മക്കൾ: മുഹമ്മദ് ഷാനിബ്, മുഹമ്മദ് ഷാദിൽ, സഫ്‌വാന യാസ്മിൻ, മരുമകൻ: അബ്ദുൽ അസീസ് മാറാക്കര, സഹോദരങ്ങൾ: കമ്മു, അബ്ദുസ്സലാം, പാത്തു, ആയിഷ, ഖദീജ, മൈമൂന. മൃതദേഹം നാട്ടിൽ കൊണ്ടുപോകും.

Share on

Tags