മലപ്പുറം: വ്യാപാരിയെ ഹണിട്രാപ്പില്‍ പെടുത്തി തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് ആഡംബരകാറും സ്വര്‍ണ്ണവും അടക്കം 50 ലക്ഷത്തോളം രൂപയുടെ വസ്തുക്കള്‍ തട്ടിയെടുത്ത സംഭവത്തില്‍ ഒരു പെണ്‍കുട്ടി കൂടി അറസ്റ്റില്‍. ഇതോടെ കേസിലെ മുഴുവന്‍ പ്രതികളും അറസ്റ്റിലായി. സംഭവം നടക്കുന്ന സമയത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി പരാതിക്കാരനായ വ്യാപാരിയെ പ്രതിയാക്കി തന്നെ പീഡിപ്പിച്ചെന്ന് കാണിച്ച് മറ്റു പ്രതികളുടെ ഒത്താശയോടെ കോടതി വഴി പൊലീസിന് പരാതി നല്‍കിയിരുന്നു. ചാലിശ്ശേരി പൊലീസ് പൊന്നാനി പൊലീസിന് കൈമാറിയ പരാതിയില്‍ വ്യാപാരിക്കെതിരെ പോക്സോ ചുമത്തി കേസെടുത്തെങ്കിലും അന്വേഷണത്തില്‍ പെണ്‍കുട്ടി നല്‍കിയത് കള്ളക്കേസാണെന്ന് കണ്ടെത്തിയിരുന്നു.
ഹണിട്രാപ്പില്‍ ഭാഗമായ പെണ്‍കുട്ടിക്കെതിരെ നേരത്തെ കേസെടുത്തെങ്കിലും പ്രായപൂര്‍ത്തിയാവാത്തതിനാല്‍ പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈകോടതി നിര്‍ദേശം നല്‍കുകയായിരുന്നു. കോടതി ഉത്തരവിനെ തുടര്‍ന്ന് സംഭവത്തില്‍ പെണ്‍കുട്ടിയെ മാത്രം അറസ്റ്റ് ചെയ്തിരുന്നില്ല. പ്രായപൂര്‍ത്തി ആയതോടെ കൃത്യത്തില്‍ പങ്കാളിയായ പെണ്‍കുട്ടിയോട് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി അറസ്റ്റ് വരിക്കണമെന്ന് ഹൈകോടതി തന്നെ നിര്‍ദേശം നല്‍കുകയായിരുന്നു.
തിരുവനന്തപുരം സ്വദേശിയായ 19കാരിയെയാണ് ചങ്ങരംകുളം സി.ഐ ബഷീര്‍ ചിറക്കലിന്‍റെ നേതൃത്വത്തിലുള്ള സംഘം കേസില്‍ അറസ്റ്റ് ചെയ്തത്. 2019ല്‍ നടന്ന സംഭവത്തില്‍ ഇതിനോടകം പ്രധാന പ്രതികളടക്കം 16 ഓളം പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവം നടന്ന് മാസങ്ങള്‍ക്കകം തന്നെ പ്രധാന പ്രതികളെയും സ്വര്‍ണ്ണവും പണവും കാറും അടക്കമുള്ള തൊണ്ടിമുതലും കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് സാധിച്ചു.
രണ്ടര വര്‍ഷം മുമ്ബാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചാലിശ്ശേരി സ്വദേശിയായ വ്യാപാരിയെയാണ് സിനിമയില്‍ അഭിനയിപ്പിക്കാനാണെന്ന വ്യാജേന എടപ്പാളിലെ ലോഡ്ജില്‍ എത്തിച്ച് മയക്കി തട്ടിക്കൊണ്ട് പോയത്. തുടര്‍ന്ന് വിലപിടിപ്പുള്ള കാറും സ്വര്‍ണ്ണവും പണവും തട്ടിയെടുത്ത ശേഷം സംഘം രക്ഷപ്പെടുകയായിരുന്നു. ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയ കേസ് ഹണിട്രാപ്പ് ആയിരുന്നു എന്ന് പിന്നീട് പൊലീസ് കണ്ടെത്തുകയായിരുന്നു.
ആഢംബര കാര്‍, സ്വര്‍ണ്ണാഭരണം, പണം, വിലകൂടിയ വാച്ച് എന്നിവ ഉള്‍പ്പടെ 50 ലക്ഷത്തോളം രൂപയുടെ വസ്തുക്കളാണ് സംഘം കവര്‍ന്നത്. 16 പ്രതികളുണ്ടായിരുന്ന കേസില്‍ 15 പ്രതികളെ അന്വേഷണസംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.