കളിമണ്ണില്‍ കലയുടെ മേളം വേറിട്ട കാഴ്ചയില്‍ ഗോത്രോത്സവം

TalkToday

Calicut

Last updated on Dec 12, 2022

Posted on Dec 12, 2022

വയനാട്: കറങ്ങുന്ന ചക്രത്തിന് നടുവിലെ കളിമണ്ണില്‍ വിരിഞ്ഞു ഗോത്ര പെരുമകള്‍. എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ നടക്കുന്ന ഞങ്ങ ഗോത്രോത്സവത്തിന്‍്റെ രണ്ടാം ദിനമാണ് വൈവിധ്യമാര്‍ന്ന പരിപാടികളില്‍ ശ്രദ്ധേയമായത്.

കളിമണ്ണ് കൊണ്ടുള്ള വേറിട്ട നിര്‍മ്മിതികള്‍ പരിചയപ്പെടുത്തുന്നതായിരുന്നു കളിമണ്‍ ശില്‍പ്പശാല. സഞ്ചാരികള്‍ക്കും കളിമണ്‍ നിര്‍മ്മിതിക്ക് അവസരം നല്‍കി. കാവും മന്ദം ആഗ്നേയ മണ്‍പാത്ര നിര്‍മ്മാണ യൂണിറ്റിലെ കെ. മനോജ് കുമാറിന്‍്റെ നേതൃത്വത്തിലുള്ള കലാകാരന്‍മാരാണ് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഞങ്ങ ഗോത്രോത്സവത്തില്‍ കളിമണ്ണില്‍ കരവിരുത് തീര്‍ത്തത്. നനഞ്ഞ കളിമണ്ണ് അതിവേഗം മനോഹര മണ്‍പാത്രങ്ങളാകുമ്ബോള്‍ സഞ്ചാരികളും കാഴ്ചക്കാരായി. കൗതുകത്തില്‍ ഒരു കൈ നോക്കാനും സഞ്ചാരികളുടെ തിരക്കായിരുന്നു.

പ്രധാന വേദിയില്‍ നല്ലൂര്‍നാട് എം.ആര്‍.എസ് വിദ്യാര്‍ഥികളുടെ കലാവിരുന്നോടെയാണ് ഗോ ത്രോത്സവ വേദി ഉണര്‍ന്നത്. നല്ലൂര്‍നാട് എം.ആര്‍.എസിലുള്ള 17 വിദ്യാര്‍ഥികളാണ് കലാവിരുന്നിന്‍്റെ ഭാഗമായത്.
മണ്ണിന്റെ മണമുള്ള പാട്ടുകളും ജീവന്റെ താളവുമായി മുണ്ടേരി ഉണര്‍വ്വിന്റെ കലാകാരന്‍മാര്‍ ഞങ്ങയുടെ അരങ്ങിലെത്തി. എന്‍ ഊരും ഇവരുടെ പാട്ടുകള്‍ക്ക് താളം വെച്ചു. വള്ളുവനാടിന്റെ തനത് ജീവിത പരിസരങ്ങളില്‍ നിന്നും ആചാര പെരുമയുടെ പുതിയ കാലത്തിലേക്ക് നടന്നെത്തിയ വട്ട മുടിയെന്ന കലാരൂപവും ദൃശ്യാവിഷ്‌ക്കാരത്തിന് ചാരുതയേകി. ഉണര്‍വ്വിലെ ഇരുപതോളം കലാകാരന്‍മാരാണ് കലാ പരിപാടികള്‍ അവതരിപ്പിച്ചത്. പരുന്തുകളി, മുടിയാട്ടം, അലാമിക്കളി, മംഗലംകളി തുടങ്ങിയ നാടന്‍കലകളുടെയും സംഗമ വേദിയായി ഗോത്രാത്സവം മാറുകയായിരുന്നു.
സമാപന ദിവസമായ തിങ്കളാഴ്ച രാവിലെ 10.30 മുതല്‍ പ്രമുഖര്‍ പങ്കെടുക്കുന്ന ചിത്രകലാ ക്യാമ്ബ് നടക്കും. വൈകീട്ട് 3 മുതല്‍ കല്‍പ്പറ്റ നന്തുണി മ്യൂസിക്സിന്റെ നാടന്‍ പാട്ട്, വട്ടക്കളി, തുടി, തെയ്യം എന്നിവയും പൂക്കോട് എം.ആര്‍.എസ്. വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും അരങ്ങേറും. എക്സിബിഷന്‍ ഹാളില്‍ ഗോത്ര ചിത്ര പ്രദര്‍ശനം, ഡോക്യുമെന്ററി പ്രദര്‍ശനം എന്നിവയും നടക്കും.


Share on

Tags