ഗില്ലിന് വെടിക്കെട്ട് ഇരട്ട സെഞ്ചുറി; കീവീസിന് 350 റണ്‍സ് വിജയലക്ഷ്യം

TalkToday

Calicut

Last updated on Jan 18, 2023

Posted on Jan 18, 2023

ഹൈദരാബാദ്: അവിശ്വസനീയ പോരാട്ടവുമായി ശുഭ്മാന്‍ ഗില്‍! ന്യൂസിലന്‍ഡിന് എതിരായ ഒന്നാം ഏകദിനത്തില്‍ 49-ാം ഓവറിലെ ആദ്യ മൂന്ന് പന്തും സിക്‌സര്‍ പറത്തി ഗില്‍ 200 തികച്ചപ്പോള്‍ ഇന്ത്യക്ക് പടുകൂറ്റന്‍ സ്‌കോര്‍.

ഗില്‍ കളം നിറഞ്ഞാടിയ മത്സരത്തില്‍ ഇന്ത്യ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 349 റണ്‍സ് നേടി. 145 പന്തിലായിരുന്നു ഗില്ലിന്റെ ഇരട്ട സെഞ്ചുറി. ഓപ്പണറായി ഇറങ്ങിയ ഗില്‍ 48.2 ഓവറും ക്രീസില്‍ നിന്ന ശേഷം 149 പന്തില്‍ 208 റണ്‍സെടുത്താണ് മടങ്ങിയത്. അവസാന ഓവറിലെ രണ്ടാം പന്തില്‍ ഗ്ലെന്‍ ഫിലിപ്സിന്റെ പറക്കും ക്യാച്ചിലായിരുന്നു ഗില്ലിന്റെ മടക്കം.

മികച്ച തുടക്കമാണ് ഹൈദരാബാദില്‍ രോഹിത് ശര്‍മ്മയും ശുഭ്മാന്‍ ഗില്ലും ഇന്ത്യക്ക് നല്‍കിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 12.1 ഓവറില്‍ 60 റണ്‍സ് ചേര്‍ത്തു. രോഹിത് ആയിരുന്നു തുടക്കത്തില്‍ കൂടുതല്‍ ആക്രമിച്ചു കളിച്ചത്. 38 പന്തില്‍ 34 റണ്‍സെടുത്ത രോഹിത്തിനെ ടിക്‌നറുടെ പന്തില്‍ ഡാരില്‍ മിച്ചലിന്റെ കൈകളിലെത്തിച്ചു. നാലു ഫോറും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിംഗ്‌സ്.

മനോഹരമായ കവര്‍ ഡ്രൈവിലൂടെ ബൗണ്ടറി നേടി തുടങ്ങി വിരാട് കോഹ്‌ലി പ്രതീക്ഷ നല്‍കിയെങ്കിലും ഇന്നിംഗ്‌സ് അധികം നീണ്ടില്ല. 10 പന്തില്‍ എട്ട് റണ്‍സെടുത്ത കോഹ്‌ലിയെ മിച്ചല്‍ സാന്റ്‌നറുടെ സ്പിന്‍ ചതിച്ചു. സാന്റ്‌നറെ ബാക്ക് ഫൂട്ടിലിറങ്ങി പ്രതിരോധിച്ച കോലിയുടെ ഓഫ് സ്റ്റംപിളകി. രണ്ടാം വിക്കറ്റ് നഷ്ടമാവുമ്ബോള്‍ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ 88 റണ്‍സെ ഉണ്ടായിരുന്നുള്ളു. അവസാനം കളിച്ച മത്സരത്തില്‍ അതിവേഗ ഡബിള്‍ സെഞ്ചുറി നേടിയതിന്റെ തിളക്കത്തല്‍ നാലാം നമ്ബറിലിറങ്ങിയ ഇഷാന്‍ കിഷനും ക്രീസില്‍ അധികനേരം പിടിച്ചു നില്‍ക്കാനായില്ല. ഗില്ലിനൊപ്പം ഇന്ത്യയെ 100 കടത്തിയെങ്കിലും ലോക്കി ഫോര്‍ഗൂസന്റെ പന്തില്‍ ടോം ലാഥമിന് ക്യാച്ച്‌ നല്‍കി കിഷനും അഞ്ച് റണ്‍സെടുത്ത് മടങ്ങി.

അഞ്ചാമനായി ഇറങ്ങിയ സൂര്യകുമാര്‍ യാദവ് ഗില്ലിനൊപ്പം ചേര്‍ന്ന് ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ത്തി. മിച്ചലിന്റെ പന്തില്‍ സൂര്യ പുറത്താകുമ്ബോള്‍ 31 റണ്‍സായിരുന്നു സമ്ബാദ്യം. ഇരുവരും ചേര്‍ന്ന് കൂട്ടുകെട്ട് 65 റണ്‍സ് നേടി. സൂര്യകുമാര്‍ യാദവ് 26 പന്തില്‍ 31 റണ്‍സ് നേടി.

38 പന്തില്‍ 28 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യ, ഡാരില്‍ മിച്ചലിന്റെ 40ാം ഓവറിലെ നാലാം പന്തില്‍ മൂന്നാം അംപയറുടെ വിവാദ തീരുമാനത്തില്‍ പുറത്തായത് തിരിച്ചടിയായി. 40 ഓവര്‍ പൂര്‍ത്തിയാകുമ്ബോള്‍ 251-5 എന്ന നിലയിലായിരുന്നു ഇന്ത്യ. അടി തുടര്‍ന്ന ഗില്‍ 43ാം ഓവറില്‍ 122 ബോളില്‍ സിക്സോടെ 150 തികച്ചു. പിന്നാലെ വാഷിംഗ്ടണ്‍ സുന്ദര്‍ 12 റണ്‍സിന് പുറത്തായെങ്കിലും ഇന്ത്യ 46ാം ഓവറില്‍ 300 കടന്നു. വാഷിംഗ്ടണ്‍ സുന്ദറും(14 പന്തില്‍ 12), ഷര്‍ദ്ദുല്‍ ഠാക്കൂറും(4 പന്തില്‍ 3) പുറത്തായെങ്കിലും 49-ാം ഓവറിലെ ആദ്യ മൂന്ന് പന്തുകളിലും സിക്സുകളുമായി ഗില്‍ തന്റെ കന്നി ഇരട്ട സെഞ്ചുറി തികച്ചു.

കിവീസിനായി ഷിപ്‌ലി, മിച്ചല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും പെര്‍ഗൂസനും ടിക്‌നറും സാന്റ്‌നറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Share on

Tags