സമൂഹ മാധ്യമങ്ങളില്‍ വ്യാജപ്രൊഫൈല്‍ ഉപയോഗിച്ച്‌ അന്താരാഷ്ട്ര ഐ ടി കമ്പനികളില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസില്‍ ദമ്പതികൾ അറസ്റ്റില്‍

TalkToday

Calicut

Last updated on Dec 19, 2022

Posted on Dec 19, 2022

കാസര്‍കോട്: സമൂഹ മാധ്യമങ്ങളില്‍ വ്യാജപ്രൊഫൈല്‍ ഉപയോഗിച്ച്‌ അന്താരാഷ്ട്ര ഐ ടി കമ്ബനികളില്‍ എന്‍ജീനീയര്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസില്‍ ദമ്പതികൾ അറസ്റ്റില്‍.

ചീമേനി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തിമിരി സ്വദേശിയില്‍ നിന്ന് പണം തട്ടിയ കേസിലാണ് തിരുവനന്തപുരം സ്വദേശി എസ്. ശരണ്യ, ഭര്‍ത്താവ് പാലക്കാട് നെന്മാറ സ്വദേശി മനു എന്നിവരെയാണ് ആലപ്പുഴ കലവൂരില്‍ നിന്ന് ചീമേനി പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ .അജിതയും സംഘവും അറസ്റ്റ് ചെയ്തത്.

വിവിധ മേല്‍വിലാസങ്ങളില്‍ സിം കാര്‍ഡുകള്‍ കരസ്ഥമാക്കിയും ഒളിവില്‍ കഴിയുന്ന വിലാസങ്ങളില്‍ ആധാര്‍ കാര്‍ഡുകള്‍ സമ്ബാദിച്ചുമാണ് ഇവര്‍ നാല് ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടത്തിയത്.തമിഴ് നാട്ടിലും കേരളത്തില്‍ വിവിധ സ്ഥലങ്ങളിലും താമസിച്ച്‌ വിദേശത്ത് ബിസിനസ്സ് നടത്തുകയാണെന്നും വിസയും ജോലിയും ശരിയാക്കിത്തരാമെന്ന് സോഷ്യല്‍ മീഡിയയിലൂടെ ആളുകളെ വിശ്വസിപ്പിച്ചുമാണ് കബളിപ്പിക്കുന്നത്.

കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പി ബാലകൃഷ്ണന്‍ നായരുടെ മേല്‍നോട്ടത്തില്‍ സൈബര്‍ സെല്ലിന്‍്റെ സഹായത്തോടെ ചീമേനി പോലീസ് നടത്തിയ അന്വേഷണത്തിലാണ് മറ്റു ജില്ലകളിലും ലക്ഷക്കണക്കിന് രൂപയുടെ സമാനമായ തട്ടിപ്പുകള്‍ പ്രതികള്‍ നടത്തിയതായി കണ്ടെത്തിയത്. അവിടെയും വഞ്ചിക്കപ്പെട്ടവര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. തട്ടിപ്പ് നടത്തിയ ശേഷം വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ് പുതിയ ആളുകളെ പരിചയപ്പെട്ട് കുറ്റകൃത്യം തുടരുന്ന രീതിയാണ് പ്രതികള്‍ അവലംബിച്ചത്. അന്വേഷണ സംഘത്തില്‍ എ.എസ് ഐ മനോജ്കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ രാജേഷ് കുഞ്ഞി വീട്ടില്‍, ശ്രീകാന്ത് പി,സിവില്‍ പോലീസ് ഓഫീസര്‍മാരായ ഹരികൃഷ്ണന്‍, അഭിലാഷ് എന്നിവരും ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ഹോസ്ദുഗ്ഗ് ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍്റ് ചെയ്തു.


Share on

Tags