ലഹരി മാഫിയക്കെതിരെ പരാതി നൽകി; സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്കും അമ്മയ്ക്കും മര്‍ദനം

TalkToday

Calicut

Last updated on Jan 19, 2023

Posted on Jan 19, 2023

തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ ലഹരി മാഫിയക്കെതിരെ അധികൃതർക്ക് വിവരം നൽകിയതിന് പ്ലസ് ടു വിദ്യാർത്ഥിനിക്കും അമ്മയ്ക്കും മർദനമേറ്റു. പൊലീസില്‍നിന്ന് പെണ്‍കുട്ടിയുടെ പേരുവിവരം ചോര്‍ന്നതാണ് അക്രമത്തിനു വഴിയൊരുക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പെണ്‍കുട്ടിയെ കമ്പുകൊണ്ടു പലതവണ അടിച്ചു. മര്‍ദനമേറ്റ് അമ്മയുടെ കൈയ്ക്ക് പൊട്ടലുണ്ട്.

എക്‌സൈസ് വകുപ്പ് സ്‌കൂളില്‍ നടത്തിയ ബോധവത്കരണ പരിപാടിയില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണ് വിദ്യാര്‍ത്ഥിനി വീടിനടുത്തു നടന്നുവരുന്ന കഞ്ചാവ് വില്‍പ്പനയെക്കുറിച്ച് പൊലീസിനെ അറിയിച്ചത്. പക്ഷേ, കഞ്ചാവ് വില്‍പ്പനക്കാരെ അറസ്റ്റ് ചെയ്യാനോ വില്‍പ്പന തടയാനോ പൊലീസ് തയ്യാറായില്ല. മറിച്ച് വിവരം നല്‍കിയ പെണ്‍കുട്ടിയുടെ ജീവിതം ദുസ്സഹമായി. ദിവസവും അസഭ്യവും ഭീഷണിയും. ഒടുവില്‍ മര്‍ദനമേറ്റതോടെ വിദ്യാര്‍ത്ഥിനിക്ക് സ്‌കൂളില്‍ പോകുന്നതുതന്നെ നിര്‍ത്തിവയ്ക്കേണ്ടിവന്നു.

കഴിഞ്ഞ മാസമാണ് പിരപ്പന്‍കോട് അന്താരാഷ്ട്ര നീന്തല്‍ക്കുളത്തിനു സമീപം താമസിക്കുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനി തന്റെ വീടിനു സമീപത്തു നടക്കുന്ന കഞ്ചാവ് വില്‍പ്പനയെക്കുറിച്ചുള്ള വിവരം പൊലീസ് ഹെല്‍പ്പ്ലൈന്‍ നമ്പരായ 100-ല്‍ വിളിച്ചു പറയുന്നത്. ഉടന്‍തന്നെ വെഞ്ഞാറമൂട് പൊലീസ് സ്ഥലത്തെത്തുകയും അയല്‍വാസിയും തിരുവനന്തപുരം കോര്‍പ്പറേഷന്‍ ജീവനക്കാരനുമായ മുരുകനെ കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു. എന്നാല്‍, കേസെടുക്കുകയോ അറസ്റ്റ് ചെയ്യുകയോ ഉണ്ടായില്ല. സ്റ്റേഷനില്‍നിന്ന് ഇറങ്ങിയ ഇയാള്‍ അടുത്ത ദിവസം പെണ്‍കുട്ടിയുടെ വീട്ടിലെത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു. ഭീഷണിപ്പെടുത്തല്‍ പതിവായപ്പോള്‍ പൊലീസില്‍ അറിയിച്ചു. ഈ പരാതി നിലനില്‍ക്കെയാണ് ഇയാള്‍ ജനുവരി ഏഴിന് രാത്രി വീട്ടില്‍ അതിക്രമിച്ചുകയറി കുട്ടിയെയും അമ്മയെയും മര്‍ദിച്ചത്.

അതേസമയം ലഹരി മാഫിയക്കെതിരെ പരാതി നൽകിയതിന് വിദ്യാർത്ഥിനിക്കും അമ്മയ്ക്കും മർദനമേറ്റെന്ന വാർത്ത ഞെട്ടിക്കുന്നതാണെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി വാർത്താക്കുറിപ്പിൽ അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ജീവൻ ബാബു കെ ഐഎഎസിന് മന്ത്രി നിർദേശം നൽകി. രണ്ടു ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് നിർദേശം. ഇതുമായി ബന്ധപ്പെട്ട് പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റ് കൈക്കൊള്ളേണ്ട നടപടികൾ ഉടൻ കൈക്കൊള്ളണമെന്നും മന്ത്രി വി ശിവൻകുട്ടി നിർദേശം നൽകി.


Share on

Tags