പി ടി സെവനെ പിടിക്കാൻ വയനാട്ടില്‍ നിന്ന് 22 അംഗ ദൌത്യ സംഘം ഇന്നെത്തും

TalkToday

Calicut

Last updated on Jan 4, 2023

Posted on Jan 4, 2023

ധോണി: പാലക്കാട് ജില്ലയിലെ ധോണിയിലും പരിസരത്തും ഇടവേളകളില്ലാതെ കൃഷി നശിപ്പിക്കുകയും ജനവാസ മേഖലയിൽ ഇറങ്ങുകയും ചെയ്യുന്ന പി ടി സെവനെ പിടിക്കാൻ ദൌത്യ സംഘം ഇന്നെത്തും. രണ്ട് കുങ്കി ആനകൾ ഉൾപ്പെടെ 22 അംഗ സംഘമാണ് വയനാട്ടിൽ നിന്ന് പാലക്കാട് എത്തുക. ആനയെ മെരുക്കാനുള്ള കൂടും ധോണിയിൽ തന്നെ ഒരുക്കും. ഇതിനുള്ള നടപടികളും ഇന്ന് തുടങ്ങും.

ആനയെ നിരീക്ഷിച്ച ശേഷമാകും മയക്കുവെടി വയ്ക്കുന്നതടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കുക. ഇതിനായി അടുത്ത ദിവസങ്ങളിൽ ദൌത്യ സംഘത്തിൻ്റെ പട്രോളിങ് ഉണ്ടാകും. അപായ സാധ്യതകൾ പരമാവധി കുറച്ചാകും പിടി സെവനെ പിടികൂടുന്നതിലേക്ക് കടക്കുക.

പാലക്കാട് ധോണിയില്‍ രാത്രി എത്തുന്ന പി ടി 7 രാവിലെ മാത്രമാണ് മടങ്ങാറ്. ഇതിനിടയില്‍ കൃഷി നാശം മാത്രമല്ല മേഖലയിലെ ആളുകള്‍ക്ക് സംഭവിച്ചിട്ടുള്ളത്. തുടക്കത്തില്‍ രാത്രി മാത്രം എത്തിയിരുന്ന ആന പിന്നീട് രാപകല്‍ വ്യത്യാസമില്ലാതെ ജനവാസ മേഖലയില്‍ എത്തി തുടങ്ങിയത് വലിയ ഭീതി ആളുകള്‍ക്കിടയില്‍ സൃഷ്ടിച്ചിരുന്നു. ഇതിന് ആക്കം കൂട്ടിയാണ് രാവിലെ നടക്കാനിറങ്ങിയ ധോണി സ്വദേശിയെ ആന ചവിട്ടി കൊന്നത്. ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശവും പി ടി 7 ഈ മേഖലയില്‍ സൃഷ്ടിച്ചിട്ടുണ്ട്.

മയക്കുവെടി വച്ച് പി ടി 7 നെ പിടികൂടി വയനാട്ടിലെത്തിച്ച് പരിശീലനം നല്‍കി താപ്പാനയാക്കാനാണ് വനംവകുപ്പിന്‍റെ പദ്ധതി. ഇതിനായി മുത്തങ്ങയിലെ ആന പരിശീലന കേന്ദ്രത്തിൽ പ്രത്യേക കൂടാണ് പി ടി 7നായി ഒരുങ്ങുന്നത്. 4 അടിയോളം വണ്ണമുള്ള 24 മരത്തൂണുകൾ ഉപയോഗിച്ചാണ് കൂട് ഒരുക്കിയത്.

Share on

Tags