കോഴിക്കോട്: ദുരന്ത ലഘൂകരണ മോക്ഡ്രില്‍ കഴിഞ്ഞ് മടങ്ങിയ പതിനഞ്ചുകാരനുനേരെ ആംബുലന്‍സ് ഡ്രൈവര്‍ ലൈംഗികാതിക്രമം നടത്തിയതായി പരാതി.
വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. മോക്ഡ്രില്ലിനായി എത്തിച്ച ആംബുലന്‍സ് ഓടിച്ചയാള്‍ വാഹനത്തില്‍വെച്ചും തുടര്‍ന്ന് ഇയാളുടെ സ്വന്തം കാറില്‍വെച്ചും പീഡനം നടത്തിയതായാണ് പരാതി.
ദേശിയ ദുരന്തനിവാരണ അതോറിറ്റിയുടെയും സംസ്ഥാനസര്‍ക്കാരിന്റെയും നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടത്തിയ ദുരന്ത ലഘൂകരണ മോക്ഡ്രില്‍ ജില്ലയിലെ നാലുതാലൂക്കുകളിലും ജില്ലാതലത്തിലും കഴിഞ്ഞ ദിവസം സംഘടിപ്പിച്ചിരുന്നു. കോഴിക്കോട് താലൂക്കില്‍ മാവൂര്‍ പഞ്ചായത്തിലാണ് മോക്ഡ്രില്‍ നടന്നത്. ഇത് കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് പതിനഞ്ചുകാരന് നേരെ ലൈംഗിക പീഡനം നടന്നുവെന്ന പരാതി ഉയര്‍ന്നിരിക്കുന്നത്.
ലൈംഗിക പീഡനം നടന്നുവെന്ന രക്ഷിതാവിന്റെ പരാതിയില്‍ മാവൂര്‍ പൊലീസ് പോക്‌സോവകുപ്പ് ചുമത്തി കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രതിയെ തിരിച്ചറിഞ്ഞശേഷം അറസ്റ്റ് രേഖപ്പെടുത്തി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.