കൊച്ചിയില്‍ 500 കിലോ ചീഞ്ഞ ഇറച്ചി പിടികൂടി: വിവിധ ഹോട്ടലുകളിലേക്ക്‌ ഷവര്‍മ ഉണ്ടാക്കാന്‍ സൂക്ഷിച്ചത്

Jotsna Rajan

Calicut

Last updated on Jan 12, 2023

Posted on Jan 12, 2023

കൊച്ചി: എറണാകുളം കളമശ്ശേരിയില്‍ 500 കിലോ പഴകിയ കോഴിയിറച്ചി പിടികൂടി. ഷവര്‍മ ഉണ്ടാക്കാന്‍ സൂക്ഷിച്ചിരുന്ന, ദുര്‍ഗന്ധം വമിക്കുന്ന നിലയിലുള്ള ഇറച്ചിയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പിടികൂടിയത്. നഗരത്തിലെ വിവിധ ഹോട്ടലുകളിലേക്ക് ഷവര്‍മ ഉണ്ടാക്കുന്നതിനായി സൂക്ഷിച്ചിരുന്ന ഇറച്ചിയാണിത്. കളമശ്ശേരി നഗരസഭയിലെ ഭക്ഷ്യസുരക്ഷാ വിഭാഗമാണ് പരിശോധന നടത്തിയത്.
എച്ച്എംടിക്ക് അടുത്ത കൈപ്പടമുകളിലെ വീട്ടില്‍ ഫ്രീസറുകളില്‍ സൂക്ഷിച്ച നിലയിലായിരുന്നു പഴകിയ ഇറച്ചി സൂക്ഷിച്ചിരുന്നത്. ഫ്രീസര്‍ തുറന്നപ്പോള്‍ തന്നെ കടുത്ത ദുര്‍ഗന്ധംവമിച്ചുവെന്ന് പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ പറഞ്ഞു.


സംസ്ഥാനത്ത് വ്യാപകമായി ഇത്തരത്തില്‍ വിവിധ ഹോട്ടലുകളിലേക്ക് വിതരണംചെയ്യുന്നതിനായി കുറഞ്ഞ വിലക്ക് പഴകിയ ഇറച്ചി എത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഭക്ഷ്യവിഷബാധയുടെ പശ്ചാത്തലത്തില്‍ വ്യാപകമായി പരിശോധന നടക്കുന്നതിനിടയിലും വിവിധയിടങ്ങളില്‍ പഴകിയ ഇറച്ചി വിതരണം നടക്കുന്നുണ്ടെന്നാണ് വിവരം.
മലപ്പുറം സ്വദേശി ജുനൈസ് വാടകയ്‌ക്കെടുത്ത വീട്ടില്‍ നിന്നാണ് 500 കിലോ ചീഞ്ഞളിഞ്ഞ ഇറച്ചി പിടിച്ചെടുത്തിരിക്കുന്നത്. വീടിന്റെ സമീപത്ത് താമസിക്കുന്നവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
150 കിലോയോളം പഴകിയ എണ്ണയും ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

Share on

Tags