47 ലക്ഷം യുവതീയുവാക്കള്‍ക്ക് സ്റ്റൈപ്പന്‍ഡ്‌,157 പുതിയ നഴ്സിങ് കോളേജുകള്‍,748 ഏകലവ്യ സ്‌കൂളുകള്‍

Jotsna Rajan

Calicut

Last updated on Feb 1, 2023

Posted on Feb 1, 2023

ന്യൂഡല്‍ഹി: അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ 47 ലക്ഷം യുവതീ യുവാക്കള്‍ക്ക് സ്റ്റൈപ്പന്‍ഡ് നല്‍കുന്ന നാഷണല്‍ അപ്രന്റീഷിപ്പ് പ്രമോഷന്‍ സ്‌കീം പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. യുവാക്കള്‍ക്ക് സ്റ്റൈപ്പന്‍ഡ് തുക നേരിട്ട് അക്കൗണ്ടില്‍ ലഭ്യമാക്കുന്നതാണ് പദ്ധതി. ബജറ്റിലാണ്‌ ഇക്കാര്യം പരാമര്‍ശിച്ചത്. രാജ്യത്ത് പുതുതായി 157 നഴ്‌സിങ് കോളേജുകള്‍ സ്ഥാപിക്കുമെന്നും ധനമന്ത്രി അറിയിച്ചു.

2014 മുതല്‍ പ്രവര്‍ത്തനമാരംഭിച്ച 157 മെഡിക്കല്‍ കോളേജുകളോട് അനുബന്ധിച്ചായിരിക്കും നഴ്‌സിങ് കോളേജുകള്‍ ആരംഭിക്കുക.
ആദിവാസി മേഖലയില്‍ 748 ഏകലവ്യ മോഡല്‍ സ്‌കൂളുകള്‍ക്കും ബജറ്റില്‍ പ്രഖ്യാപനമുണ്ട്. അടുത്ത മൂന്ന് വര്‍ഷത്തിനിടെ ഇതിനായി 38,800 അധ്യാപകരെ കേന്ദ്രം നിയമിക്കും. യുവാക്കളുടെ തൊഴില്‍ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനായി രാജ്യത്താകമാനം 30 സ്‌കില്‍ ഇന്ത്യ ഇന്റര്‍നാഷണല്‍ കേന്ദ്രങ്ങളും മൂന്ന് വര്‍ഷത്തിനുള്ളില്‍ സ്ഥാപിക്കും.

ലോകോത്തരനിലവാരമുള്ള പുസ്തകങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിനായി കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കുമായി നാഷണല്‍ ഡിജിറ്റല്‍ ലൈബ്രറി സ്ഥാപിക്കും. ഡിജിറ്റല്‍ സൗകര്യങ്ങള്‍ ഇല്ലാത്തവര്‍ക്കും ഇത് ലഭ്യമാകുന്നതിനായി പഞ്ചായത്ത്, വാര്‍ഡ് തലങ്ങളില്‍ ഫിസിക്കല്‍ ലൈബ്രറികള്‍ സ്ഥാപിക്കണം.

മെഡിക്കല്‍ രംഗത്തെ ഗവേഷണങ്ങളും കണ്ടുപിടിത്തങ്ങളും പ്രോത്സാഹിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍- സ്വകാര്യമെഡിക്കല്‍ കോളേജുകളിലെ പഠനഗവേഷണാവശ്യങ്ങള്‍ക്കും, സ്വകാര്യ മേഖലയിലെ ഗവേഷക സംഘങ്ങള്‍ക്കും ഐ.സി.എം.ആര്‍ ലാബുകളിലെ സൗകര്യങ്ങള്‍ ഇനിമുതല്‍ പ്രയോജനപ്പെടുത്താം
രാജ്യത്തെ ഉന്നതനിലവാരം പുലര്‍ത്തുന്ന മൂന്ന് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനായി സെന്റര്‍ ഓഫ് എക്‌സലന്‍സ് (COE) സ്ഥാപിക്കും. കാര്‍ഷികമേഖലയ്ക്ക് ഉണര്‍വേകാന്‍ അഗ്രി സ്റ്റാര്‍ട്ടപ്പുകള്‍ സ്ഥാപിക്കും.

നാഷണല്‍ ചൈല്‍ഡ് ട്രസ്റ്റിന്റെയും, ചില്‍ഡ്രണ്‍സ് ബുക്ക് ട്രസ്റ്റിന്റെയും അടക്കമുള്ള അക്കാദമികേതര പുസ്തകങ്ങള്‍ എന്‍.ജി.ഒകളുടെ സഹകരണത്തോടെ പ്രാദേശിക ഭാഷയില്‍ ലഭ്യമാക്കും.

Share on

Tags