ദില്ലി വിമാനത്താവളത്തിൽ പരിശോധിച്ചത് 455 പേരെ, കൊവിഡ് സ്ഥിരീകരിച്ചത് 2 പേർക്ക് മാത്രം; ആശ്വാസം

TalkToday

Calicut

Last updated on Dec 26, 2022

Posted on Dec 26, 2022

ദില്ലി : വിദേശ രാജ്യങ്ങളിൽ കൊവിഡ് വ്യാപനം അതിതീവ്രമാണെങ്കിലും രാജ്യത്ത് രോഗവ്യാപനം ആശങ്കാജനകമല്ല. ഇന്ന് 196 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 0.56 ശതമാനമാണ് ടിപിആർ. അന്താരാഷ്ട്ര യാത്രക്കാരിൽ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുറവാണെന്നതും ആശ്വാസകരമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ വിലയിരുത്തുന്നു.

അന്താരാഷ്ട്ര യാത്രക്കായി വിമാനത്താവളങ്ങളിലെ പരിശോധന ആരംഭിച്ചതിന് ശേഷം ശനി, ഞായർ ദിവസങ്ങളിൽ ദില്ലി വിമാനത്താവളത്തിൽ പരിശോധിച്ച 455 പേരിൽ കൊവിഡ് സ്ഥിരീകരിച്ചത് രണ്ട് പേർക്ക് മാത്രമാണ്. രണ്ടുപേരും വാക്സിൻ സ്വീകരിച്ചവരായിരുന്നു. ഇരുവരിലും രോഗലക്ഷണങ്ങൾ ഇല്ലായിരുന്നുവെന്നും അധികൃതർ അറിയിച്ചു. 455 പേരെ പരിശോധിച്ചതിൽ രോഗബാധ സ്ഥിരീകരിച്ചത് രണ്ട് പേരിൽ മാത്രമാണെന്നത് ആശ്വാസകരമാണെന്നാണ് വിലയിരുത്തൽ. അതായത് രോഗവ്യാപനം നിലവിൽ തീവ്രമല്ലെന്നാണ് വിലയിരുത്തൽ. കൊവിഡ് ഭീഷണി വീണ്ടും ഉയര്‍ന്നതോടെ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുന്നവരുടെ എണ്ണവും ഉയ‍ര്‍ന്നതായാണ് വിവരം.

അതേസമയം, ജനങ്ങള്‍ പുതുവത്സര ക്രിസ്തുമസ് ആഘോഷങ്ങളിലേക്ക് കടന്നത് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി ജാഗ്രത നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.  എല്ലാവരും മാസ്ക് ധരിക്കണം. ശുചിത്വം പാലിക്കണം.സൂക്ഷിച്ചാല്‍ സുരക്ഷിതരാകാം. ജാഗ്രത കുറവ് മറ്റൊരു ഉത്സവ കാലത്തിന്‍റെ സന്തോഷമില്ലാതാക്കാന്‍ ഇടവരുത്തരുതെന്നും പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി ഓര്‍മ്മപ്പെടുത്തി. ഉത്സവകാലങ്ങളില്‍ വലിയ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിരുന്നു.

ചൊവ്വാഴ്ച മോക് ഡ്രില്‍ നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ ആശുപത്രികളില്‍ പുരോഗമിക്കുകയാണ്. അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടാന്‍ ആരോഗ്യമേഖല സജ്ജമാണോയെന്ന് വിലയിരുത്താനാണ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം മോക് ഡ്രില്ലിനുള്ള നിര്‍ദ്ദേശം നല്‍കിയത്.


Share on

Tags