കോഴിക്കോട്: സമഗ്ര ശിക്ഷാ കേരളയുടെ 'സ്റ്റാര്‍സ്' പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഈ വര്‍ഷം 440 അംഗീകൃത പ്രീപ്രൈമറി സ്‌കൂളുകള്‍ക്ക് ആക്റ്റിവിറ്റി ഏരിയകള്‍ സ്ഥാപിക്കുന്നതിന് 10 ലക്ഷം രൂപ വീതം അനുവദിക്കാന്‍ അനുമതി നല്‍കിയതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി.
കോഴിക്കോട് കക്കോടി പടിഞ്ഞാറ്റുംമുറി ഗവ. യുപി സ്കൂളില്‍ മോഡല്‍ പ്രീ പ്രൈമറി 'വര്‍ണ്ണ കൂടാരം' ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.സംസ്ഥാനത്ത് ആകെ 44 കോടി രൂപയാണ് ആക്റ്റിവിറ്റി ഏരിയകള്‍ സ്ഥാപിക്കുന്നതിന് ചെലവഴിക്കുക.
മുന്‍ വര്‍ഷം സമഗ്രശിക്ഷാ കേരളം വഴി 15 ലക്ഷം രൂപ വീതം അനുവദിച്ച് നടപ്പിലാക്കിയ 42 മാതൃകാ പ്രീ സ്‌കൂളുകള്‍, സ്റ്റാര്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപ വീതം അനുവദിച്ച് നടപ്പിലാക്കിയ 168 ആക്റ്റിവിറ്റി ഏരിയകളോടു കൂടിയ പ്രീ സ്‌കൂളുകള്‍ എന്നിവയുടെ തുടര്‍ച്ചയായാണ് പ്രീ പ്രൈമറി വിദ്യാഭ്യാസ രംഗത്ത് പദ്ധതി നടപ്പിലാക്കുന്നത്. കളിയാണ് രീതി, സ്‌നേഹമാണ് ഭാഷ എന്നതാണ് പ്രീ സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയില്‍ കേരളം കൈക്കൊണ്ടിട്ടുള്ള സമീപനം. പടിഞ്ഞാറ്റുംമുറി ഗവ. യു.പി സ്കൂളില്‍ പ്രീപ്രൈമറി വിഭാഗത്തിന് ഉച്ചഭക്ഷണം നല്‍കുന്ന കാര്യത്തില്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.
വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പി. ടി. എ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ഗേറ്റ്, ഇന്റര്‍ലോക്ക് പതിച്ച നടപ്പാത എന്നിവയുടെ ഉദ്ഘാടനവും മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വഹിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ നയം സര്‍വ്വമേഖലകളിലേക്കും വ്യാപിപ്പിച്ച് കൊണ്ട് കേരളത്തെ വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.