നിക്ഷേപം 245 കോടി, കണ്ടെത്തിയത് 200 കോടിയുടെ ക്രമക്കേട്; തിരുവനന്തപുരം ബിഎസ്എൻഎൽ എഞ്ചിനിയേഴ്സ് സഹകരണ സംഘത്തിൽ നടന്നത് വ്യാപക തട്ടിപ്പ്

TalkToday

Calicut

Last updated on Jan 24, 2023

Posted on Jan 24, 2023

തിരുവനന്തപുരത്തെ ബി.എസ്.എൻ.എൽ എഞ്ചിനിയേഴ്സ് സഹകരണ സംഘത്തിൽ നടന്നത് വ്യാപകമായ തട്ടിപ്പെന്ന് കണ്ടെത്തൽ. സഹകരണ വകുപ്പ് നടത്തിയ കണക്കെടുപ്പ് പൂർത്തിയായപ്പോഴാണ് തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമായത്. 245 കോടിയുടെ നിക്ഷേപം സംഘത്തിലുണ്ടെന്ന് കണക്കെടുപ്പിൽ വ്യക്തമായി. ക്രമക്കേടിൽ പ്രതിയായ ജീവനക്കാരൻ മറ്റൊരു സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ഡയറക്ടറാണെന്നും കണ്ടെത്തി.

ബി.എസ്.എൻ.എൽ എഞ്ചിനിയേഴ്സ് സഹകരണ സംഘത്തിലെ ക്രമക്കേട് പുറത്തുവന്നതോടെ സഹകരണ വകുപ്പ് അന്വേഷണം തുടങ്ങിയിരുന്നു. നിക്ഷേപകർക്ക് അവരുടെ നിക്ഷേപ തുകയുടെ വിശദാംശങ്ങൾ ഡിസംബർ 23 മുതൽ ജനുവരി 23 വരെ സമർപ്പിക്കാൻ അവസരം നൽകി. ഇന്നലെ കണക്കെടുപ്പ് പൂർത്തിയായപ്പോഴാണ് 245 കോടിയിലേറെ രൂപയുടെ നിക്ഷേപം സംഘത്തിലുണ്ടെന്ന് വ്യക്തമായത്. ഇതിൽ 200 കോടിക്ക് മുകളിൽ ക്രമക്കേടിലൂടെ തട്ടിയെടുക്കപ്പെട്ടുവെന്നാണ് വിലയിരുത്തൽ. ഇങ്ങനെ തട്ടിയെടുത്ത തുക ഉപയോഗിച്ച് പ്രതികൾ വൻതോതിൽ ഷോപ്പിംഗ് കോംപ്ലക്സുകൾ ഉൾപ്പെടെയുള്ള വാങ്ങിക്കൂട്ടി.

തട്ടിപ്പ് പുറത്തുവന്നയുടൻ തന്നെ ബാലരാമപുരത്തുള്ള ഷോപ്പിംഗ് കോംപ്ലക്സ് തമിഴ്നാട് സ്വദേശിയുടെ പേരിലേക്ക് മാറ്റിയെതന്നും കണ്ടെത്തി. ഇതുവരെ 30 ഓളം വസ്തുക്കളാണ് പ്രതികൾ വാങ്ങിയതായി അന്വേഷണ സംഘം കണ്ടെത്തിയത്. റവന്യൂ, രജിസ്ട്രേഷൻ വകുപ്പുകളുടെ സഹായത്തോടെ ഈ വസ്തുക്കൾ കണ്ടുകെട്ടാനാണ് സഹകരണവകുപ്പിന്റെ നീക്കം. കേസിൽ പ്രതിയായ സംഘത്തിലെ ജീവനക്കാരൻ മറ്റൊരു സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ ഡയറക്ടറാണെന്നും കണ്ടെത്തി. ക്രമക്കേട് നടത്തിയ പണം ഇവിടെ ഇടപാടിനായി ഉപയോഗിച്ചിട്ടുണ്ടോയെന്നും സഹകരണവകുപ്പ് അന്വേഷിക്കുന്നുണ്ട്. മുൻകൂർ ജാമ്യഹർജി തള്ളയിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാൻ പോലീസ് തയാറാകുന്നുമില്ല.


Share on

Tags