ചെന്നൈ: വ്യായാമത്തിന്റെ ഇടവേളയിൽ ഭക്ഷണം കഴിച്ച ബോഡി ബിൽഡർ ബ്രഡ് തൊണ്ടയിൽ കുടുങ്ങി മരിച്ചു. സേലം പെരിയ കൊല്ലപ്പട്ടി സ്വദേശി എം ഹരിഹരൻ (21) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം.
കടല്ലൂരിലെ വടല്ലൂരിൽ നടക്കുന്ന സംസ്ഥാനതല ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള പരിശീലനത്തിലായിരുന്നു ഹരിഹരൻ. 70 കിലോ താഴെയുള്ള വിഭാഗത്തിലായിരുന്നു ഹരിഹരൻ മത്സരിക്കാനിരുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗത്തുനിന്ന് നിരവധിപേർ മത്സരത്തിൽ പങ്കെടുക്കാനെത്തിയിരുന്നു. വിവാഹ ഓഡിറ്റോറിയത്തിലായിരുന്നു ഇവരുടെ താമസം ഒരുക്കിയിരുന്നത്.
വർക്ക് ഔട്ട് ചെയ്യുന്നതിനിടെ ഹരിഹരൻ ഭക്ഷണം കഴിക്കുന്നതിനായി കുറച്ചുനേരം ബ്രേക്ക് എടുത്തു. ബ്രെഡ് കഴിക്കുന്നതിനിടെ ഒരു കഷ്ണം തൊണ്ടയിൽ കുടുങ്ങി. ഇതോടെ ശ്വാസതടസം നേരിട്ട ഹരിഹരനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.