രാജ്യത്ത് 201 പേര്‍ക്ക് കോവിഡ്; രോഗമുക്തി നിരക്ക് 98.8 ശതമാനം

Jotsna Rajan

Calicut

Last updated on Dec 24, 2022

Posted on Dec 24, 2022


ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 201 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 98.8 ശതമാനമാണ് ഇന്ത്യയിലെ രോഗമുക്തി നിരക്ക്.

220.04 കോടി ഡോസ് വാക്സിനാണ് ഇതുവരെ വിതരണം ചെയ്യുന്നത്.

ബി.എഫ്.7 വേരിയന്റ് സംബന്ധിച്ച്‌ ആശങ്കക്കിടെയാണ് രാജ്യത്തെ കോവിഡ് സംബന്ധിച്ച പുതിയ കണക്കുകള്‍ പുറത്ത് വരുന്നത്. അതേസമയം, വിമാനത്താവളങ്ങളില്‍ രണ്ട് ശതമാനം യാത്രക്കാരെ റാന്‍ഡം ടെസ്റ്റിന് ഇന്നു മുതല്‍ തുടക്കമാകും. കോവിഡ് സാഹചര്യം നേരിടാന്‍ എല്ലാ നടപടികളും സ്വീകരിക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു. പുതുവര്‍ഷ, ക്രിസ്മസ് ആഘോഷങ്ങള്‍ കണക്കിലെടുത്താണ് വേണ്ട നടപടികള്‍ കൈക്കൊള്ളാന്‍ ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് പുതുക്കിയ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്.

മാസ്ക് ധരിക്കുന്നത് ഉറപ്പാക്കുക, ആള്‍കൂട്ടങ്ങള്‍ നിയന്ത്രിക്കുക, സാമൂഹിക അകലം പാലിക്കുക, പനി, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങളുള്ള രോഗികളെ നിരീക്ഷിക്കുക, പരിശോധന വേഗത്തിലാക്കുക തുടങ്ങിയവ മാര്‍ഗ നിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുന്നു. ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് വര്‍ധിപ്പിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

എന്നാല്‍ രാജ്യത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത കൈവിടരുതെന്നും ആരോഗ്യമന്ത്രിമാരുടെ കോവിഡ് അവലോകനത്തിനുശേഷം കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു. കോവിഡിനെ പ്രതിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

Share on

Tags