139 കോടി ആവിയാവുമോ? ആശങ്കയില്‍ കോതിയും ആവിക്കലും

Jotsna Rajan

Calicut

Last updated on Jan 30, 2023

Posted on Jan 30, 2023

കോഴിക്കോട്: മലിനജല സംസ്‌കരണ പ്ലാന്റ് നിര്‍മാണത്തില്‍ നിന്ന് പിറകോട്ടില്ലെന്ന് കോര്‍പ്പറേഷന്‍ പ്രഖ്യാപിക്കുമ്ബോഴും കോതിയിലും ആവിക്കലിലും കോടികളുടെ പദ്ധതി ആവിയാവുമോയെന്ന് ആശങ്ക.

സമരവും കൈയങ്കളിയും കോടതിയും രാഷ്ട്രീയ വടംവലികളുമൊക്കെയായി പദ്ധതി ഞാണിന്‍മേല്‍ നില്‍ക്കുമ്ബോള്‍ നഷ്ടമാവുക പദ്ധതിക്കായി അനുവദിക്കപ്പെട്ട 139.5 കോടി. മാര്‍ച്ച്‌ 31കം പ്രാരംഭ പ്രവൃത്തിയെങ്കിലും തുടങ്ങിയില്ലെങ്കില്‍ ഫണ്ട് നഷ്ടമാവുമെന്ന് ഉറപ്പാണ്.

അതിനിടെ കോര്‍പ്പറേഷന്‍ പദ്ധതി ഉപേക്ഷിക്കുകയാണെന്ന തരത്തില്‍ നടക്കുന്ന പ്രചരണങ്ങള്‍ വാര്‍ത്താസമ്മേളനം വിളിച്ച്‌ മേയര്‍ നിഷേധിച്ചു. പദ്ധതി എന്തുവിലകൊടുത്തും നടപ്പിലാക്കുമെന്നും ഫണ്ട് ലാപ്‌സായിപ്പോകാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മേയര്‍ ഡോ. ബീന ഫിലിപ്പ് വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം ജനുവരി 31നാണ് പദ്ധതി ആരംഭിക്കാനുള്ള ശ്രമം ആരംഭിച്ചത്. എന്നാല്‍ മണ്ണ് പരിശോധനയ്‌ക്കെത്തിയവരെ നാട്ടുകാര്‍ തടഞ്ഞു. പിന്നീട് നടന്നത് ഹര്‍ത്താലും മറ്റ് പ്രതിഷേധങ്ങളും ഉള്‍പ്പടെ സമര പരമ്ബര. അതിനിടെയാണ് രണ്ടാമത്തെ പ്ലാന്റിനായി തീരുമാനിച്ച കോതിയിലും പ്രതിഷേധം ആരംഭിച്ചത്. നിയമസഭയിലും ചര്‍ച്ചയായി. സമരത്തിന് തീവ്രവാദ ബന്ധമെന്ന സി.പി.എം നേതാക്കളുടെ പരാമര്‍ശങ്ങള്‍ പ്രതിഷേധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടി. ഇതിന്റെ തുടര്‍ച്ചയായി പദ്ധതിക്കെതിരെയും സമരക്കാര്‍ക്കെതിരെയും കേസുകളും വന്നു. കോതിയില്‍ നാല് കേസുകളും ആവിക്കലില്‍ ഒരു കേസുമാണ് ഉണ്ടായിരുന്നത്. കോതി പ്ലാന്റുമായി ബന്ധപ്പെട്ട രണ്ട് കേസുകളില്‍ കോര്‍പ്പറേഷന് അനുകൂല വിധിയുണ്ടായി. മറ്റ് കേസുകള്‍ വിവിധ കോടതികളുടെ പരിഗണനയിലാണ്.

പ്ലാന്റ് നിര്‍മിക്കാന്‍ മഹാരാഷ്ട്രയിലെ സീമാക് ഹൈടെക് പ്രോഡക്‌ട്‌സും പൈപ്പിടുന്നതിന് അഹമ്മദാബാദിലെ നാസിത് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്ബനിയുമാണ് ടെന്‍ഡറെടുത്തത്. ഡി.പി.ആര്‍ തയ്യാറാക്കിയ റാം ബയോളജിക്കല്‍സിനെതിരെ നേരത്തെ ആക്ഷേപം ഉയര്‍ന്നിരുന്നു.

പദ്ധതി നടപ്പാവണമെങ്കില്‍ വലിയ കടമ്ബകള്‍ കടക്കണം

പദ്ധതി നടപ്പാക്കാന്‍ ഇനി വലിയ കടമ്ബകളാണ് കോര്‍പ്പറേഷന്‍ ഭരണ സമിതിയുടെ മുന്നിലുള്ളത്. പദ്ധതി തുകയായ 139.5 കോടി നഷ്ടപ്പെടാതിരിക്കുകയാണ് അതില്‍ ഏറ്റവും പ്രധാനം. പ്രതിഷേധവും നിയമപോരാട്ടവും തുടരുന്നതിനാല്‍ മാര്‍ച്ച്‌ 31ന് മുമ്ബ് പദ്ധതി നടപ്പാക്കാന്‍ സാധിക്കില്ലെന്ന് മേയര്‍ പറഞ്ഞു. അമൃത് പദ്ധതിയുടെ ഒന്നാംഘട്ടത്തിന്റെ ഭാഗമായ പ്ലാന്റുകള്‍ അമൃതിന്റെ രണ്ടാം ഘട്ടത്തിലേക്ക് മാറ്റാനുള്ള ശ്രമമാണ് കോര്‍പ്പറേഷന്‍ നടത്തുന്നത്. മുമ്ബ് 116.25 കോടിയുടെ പദ്ധതിയാണ് റിവിഷനെ തുടര്‍ന്ന് 139.5 കോടിയുടേതായി ഉയര്‍ന്നത്. വീണ്ടും വൈകുന്നതോടെ ഈ തുകയും വര്‍ദ്ധിക്കും.

മാര്‍ച്ച്‌ 31ന് കാലാവധി അവസാനിക്കുന്ന അമൃത് ഒന്നില്‍ ഉള്‍പ്പെടുത്തിയിരുന്ന പദ്ധതികള്‍ ഈ സാമ്ബത്തികവര്‍ഷം പൂര്‍ത്തീകരിക്കാന്‍ സാധിക്കില്ലെന്ന ആശങ്ക ചീഫ് സെക്രട്ടറി ചെയര്‍മാനായുള്ള അമൃതിന്റെ സ്റ്റേറ്റ് ഹൈപവര്‍ സ്റ്റിയറിംഗ് കമ്മിറ്റിയെയും അഡി. ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സ്റ്റേറ്റ് ലെവല്‍ ടെക്‌നിക്കല്‍ കമ്മിറ്റിയെയും അറിയിച്ചിട്ടുണ്ടെന്ന് മേയര്‍ പറഞ്ഞു. പദ്ധതികള്‍ അമൃത് രണ്ടിലേക്ക് മാറ്റുന്നതിനായി കോര്‍പ്പറേഷന്‍ കൗണ്‍സിലിന്റെ അനുമതിയോടെ സര്‍ക്കാര്‍ അംഗീകാരത്തിന് സമര്‍പ്പിക്കണം. സംസ്ഥാന തലത്തിലെ കമ്മറ്റികളും കേന്ദ്രതലത്തിലും ഇതിന് അംഗീകാരം ലഭിച്ചാല്‍ മാത്രമേ പദ്ധതിയ്ക്ക് തുടര്‍ച്ച സാദ്ധ്യമാവൂ.

'പദ്ധതി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയുണ്ട്. ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി നടപ്പാക്കിയ ഉറച്ച നിലപാടുകള്‍ മുന്നിലുണ്ട്. കോതിയിലും ആവിക്കലിലും മലിന ജല സംസ്‌കരണ പ്ലാന്റ് നടപ്പാക്കും. അതില്‍ നിന്ന് പിന്നോട്ടില്ല' മേയര്‍ ഡോ. ബീന ഫിലിപ്പ്

' എസ്.ടി.പി പദ്ധതിക്ക് എതിരല്ല, എന്നാല്‍ ജനവാസ കേന്ദ്രങ്ങളില്‍ ജനഹിതത്തിന് വിരുദ്ധമായി അടിച്ചേല്‍പ്പിക്കാനുള്ള കോര്‍പ്പറേഷന്‍ നേതൃത്വത്തിന്റെ പിടിവാശിയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. പദ്ധതി നടപ്പാക്കുമ്ബോള്‍ ദീര്‍ഘവീക്ഷണവും പ്രായോഗികതയും ഭരണസമിതി തിരിച്ചറിയണം. പദ്ധതിക്ക് നീക്കിവെച്ച തുക മറ്റേതെങ്കിലും പ്രദേശത്തേക്ക് പ്രയോജനപ്പെടുത്തണം'

കെ.സി.ശോഭിത

പ്രതിപക്ഷനേതാവ്

പ്ലാന്റ് നഷ്ടപ്പെടുത്തുന്നതില്‍ രണ്ടു മുന്നണിയും ഉത്തരവാദികള്‍: ബി.ജെ.പി
അമൃത് പദ്ധതിപ്രകാരം കോഴിക്കോട് നഗരത്തിന് ലഭിച്ച ആധുനിക മലിനജല സംസ്‌കരണ പ്ലാന്റ് നഷ്ടപ്പെടുത്തുന്നതില്‍ രണ്ടുമുന്നണിക്കും തുല്യപങ്കെന്ന് ബി.ജെ.പി ജില്ലാപ്രസിഡന്റ് അഡ്വ.വി.കെ.സജീവന്‍. പ്ലാന്റിന് സ്ഥലം കണ്ടെത്തി അതിന്റെ മേന്മ ബോദ്ധ്യപ്പെടുത്താനോ നയപരമായി വിജയിപ്പിക്കാനോ കോര്‍പ്പറേഷന്‍ ഭരണാധികാരികള്‍ക്ക് കഴിഞ്ഞില്ല. സര്‍വകക്ഷിയോഗത്തിലുള്‍പ്പെടെ അനുകൂലിച്ച യു.ഡി.എഫ് പിന്നീട് കാലുമാറുകയും ചെയ്തു. അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ നഗരത്തിന് അനിവാര്യമായ ഒരു പദ്ധതി നഷ്ടമാകുമ്ബോള്‍ അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഇരുമുന്നണികള്‍ക്കും തലയൂരാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

മേയര്‍ രാജിവയ്ക്കണം: എസ്.ഡി.പി.ഐ

ജനങ്ങളെ വെല്ലുവിളിച്ച്‌ പ്ലാന്റ് നിര്‍മാണവുമായി മുന്നോട്ടു പോകുമെന്ന മേയറുടെ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് എസ്.ഡി.പി.ഐ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജനങ്ങള്‍ക്ക് വേണ്ടെങ്കില്‍ നിര്‍മാണം നിര്‍ത്തിവെയ്ക്കുമെന്ന് പ്രഖ്യാപിച്ച മേയര്‍ പിന്നീട് നിര്‍മാണ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കില്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ജനവാസകേന്ദ്രത്തില്‍ തന്നെ
കക്കൂസ് മാലിന്യപ്ലാന്റ് നിര്‍മാണത്തിനെതിരെ ജനങ്ങള്‍ ഒന്നടങ്കം രംഗത്തിറങ്ങിയിട്ടും പിന്മാറാന്‍ തയ്യാറാകാത്ത ഭരണകൂടം ആരുടെ താത്പ്പര്യമാണ് സംരക്ഷിക്കുന്നതെന്ന് വ്യക്തമാക്കണം.

Share on

Tags