ന്യൂഡല്‍ഹി: സുഹൃത്തുക്കള്‍ ലൈംഗിക പീഡനത്തിനിരയാക്കിയതിനെ തുടര്‍ന്ന് ഗുരുതര പരിക്കേറ്റ് എല്‍.എന്‍.ജെ.പി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 10 വയസുകാരന്‍ മരിച്ചു.ലൈംഗിക പീഡനത്തെ തുടര്‍ന്നുണ്ടായ പരിക്കുകളാണ് കുട്ടിയുടെ മരണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.

സെപ്തംബര്‍ 18 ന് ഡല്‍ഹിയിലെ സീലംപൂര്‍ മേഖലയിലാണ് കേസിനാസ്പദമായ സംഭവം. 10-12 വയസിനിടയിലുള്ള മൂന്ന് പേര്‍ ചേര്‍ന്നാണ് കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. സംഭവത്തില്‍ 10നും 12നും ഇടയില്‍ പ്രായമുള്ള രണ്ട് കുട്ടികള്‍ പിടിയിലായിട്ടുണ്ട്. സീലംപൂരിലെ ചേരിയിലെ താമസക്കാരനായ 10 വയസ്സുകാരന്‍ മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം ഒഴിഞ്ഞ ഡിസ്പെന്‍സറിയില്‍ കളിക്കുന്നതിനിടെ സുഹൃത്തുക്കള്‍ കുട്ടിയെ ലൈംഗികമായി ആക്രമിക്കുകയായിരുന്നെന്ന് പൊലീസ് കണ്ടെത്തി. മരിച്ച കുട്ടിയും പ്രതികളായ കുട്ടികളും ന്യൂ സീലംപൂര്‍ ജുഗ്ഗിസ് സ്വദേശികളും അയല്‍വാസികളുമാണ്. നേരത്തെ മാതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് പ്രതികളിലൊരാളെ പിടികൂടി ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കിയിരുന്നു.